കോഴിക്കോട്: രാമനാട്ടുകര സ്വദേശിയായ 43 കാരന് നിപ രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് ഇനിയും കഴിഞ്ഞില്ല. കേന്ദ്രസംഘം പരിശോധനക്കും നിരീക്ഷണത്തിനുമായി എത്തിയിട്ടും അവര്‍ക്കും ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ വവ്വാലുകളുടെയും വളര്‍ത്തുമൃഗങ്ങളുടെയും സ്രവ സാമ്പിളുകളും കാഷ്ഠവും പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. കോഴിക്കോട്ടെ നിപ വൈറസ് ഉറവിടം കണ്ടെത്താനായില്ലെന്ന് ജില്ലാ കളക്ടര്‍ എം.എസ്. മാധവിക്കുട്ടി ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കുകയും ചെയ്തു. തന്റെ പരിചയക്കുറവിനെ കുറിച്ച് ആരോഗ്യമന്ത്രി നടത്തിയ പ്രസ്താവനയോട് പ്രതികരിക്കാനില്ലെന്നും എം.എസ്. മാധവിക്കുട്ടി വ്യക്തമാക്കി.
താന്‍ ജില്ലാ കളക്ടറാണ്. തന്റെ പണി ജില്ലയിലെ വിവിധ വകുപ്പുകളുടെ ഏകോപനമാണ്. അത് ഭംഗിയായി നിര്‍വഹിക്കാന്‍ ശ്രമിക്കുകയാണ്. മറ്റു കാര്യങ്ങളില്‍ പ്രതികരിക്കാനില്ലെന്നും കളക്ടര്‍ പറഞ്ഞു.
വളര്‍ത്തുമൃഗങ്ങളുടെ സ്രവ സാമ്പിളുകള്‍ പരിശോധിക്കും
രാമനാട്ടുകരയിലെ നിപ പ്രഭവകേന്ദ്രത്തിന് സമീപം മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ നിപ നിരീക്ഷണവും സാമ്പിള്‍ ശേഖരണം നടത്തി. കണ്ണൂര്‍ റീജിയണല്‍ ഡിസീസ് ഡയഗ്നോസ്റ്റിക് ലാബ്, കോഴിക്കോട് ആനിമല്‍ ഡിസീസ് കണ്ട്രോള് പ്രോജക്ട് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സാമ്പിളുകള്‍ ശേഖരിച്ചത്. നിപ പ്രഭവകേന്ദ്രത്തിന്റെ അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളില്‍ നിന്നാണ് പരിശോധനയ്ക്കായുള്ള സാമ്പിളുകള്‍ എടുത്തത്. വനംവകുപ്പിന്റെ സഹായത്തോടെ രണ്ടു വവ്വാലുകളുടെ സാമ്പിളുകള്‍ ശേഖരിച്ചു.
കൂടാതെ ഈ പ്രദേശങ്ങളിലെ വളര്‍ത്തു നായ, പൂച്ച എന്നിവയുടെ രക്തം, മൂക്കിലെ സ്രവം തുടങ്ങിയവയും ശേഖരിച്ചിട്ടുണ്ട്. നിപ പ്രഭവകേന്ദ്രത്തിന് സമീപമുള്ള വവ്വാലുകളുടെ താവളങ്ങളില്‍ നിന്ന് കാഷ്ഠവും പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. വളര്‍ത്തുമൃഗങ്ങളിലും വവ്വാലുകളിലും നിപ വൈറസിന്റെ സാന്നിധ്യമുണ്ടോ എന്ന് ശാസ്ത്രീയമായി കണ്ടെത്തുന്നതിനായി സാമ്പിളുകള്‍ ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസ് ലാബിലേക്ക് പരിശോധനയ്ക്ക് അയക്കും.